This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിറ്റന്‍ഡന്‍, ജോണ്‍ ജോര്‍ഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിറ്റന്‍ഡന്‍, ജോണ്‍ ജോര്‍ഡന്‍

Crittenden, John Jordan (1787 -1863)

അമേരിക്കന്‍-ഭരണതന്ത്രജ്ഞന്‍. എബ്രഹാം ലിങ്കന്റെ ഭരണകാലത്ത് ഒരു ആഭ്യന്തരയുദ്ധം ഒഴിവായത് ഇദ്ദേഹം അവതരിപ്പിച്ച ക്രിറ്റന്‍ഡന്‍ അനുരഞ്ജനപ്രമേയത്തിലൂടെയാണ്.

1787 സെപ്. 10-ന് കെന്റക്കിയില്‍ ജനിച്ച ഇദ്ദേഹം പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം നിയമബിരുദം നേടി. നിയമപരിശീലനം തുടരവേ, 1809-ല്‍ ഇല്ലിനോയില്‍ ടെറിറ്റോറിയല്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായി. തുടര്‍ന്ന് കെന്റക്കി നിയമനിര്‍മാണസഭയില്‍ അംഗത്വം നേടിയ ക്രിറ്റന്‍ഡന്‍, യു.എസ്. സെനറ്റംഗം എന്ന നിലയില്‍ 1817 മുതല്‍ 19 വരെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.

1824-ല്‍ പ്രസിഡന്റുപദത്തിനുവേണ്ടി മത്സരിച്ച ഹെന്റി ക്ലേയെ ക്രിറ്റന്‍ഡന്‍ സഹായിക്കുകയും ക്ളേയുടെ വിഗ് ക്യാബിനറ്റില്‍ അംഗത്വം നേടുകയും ചെയ്തു. അതിനുശേഷം ക്ളേയും ക്രിറ്റന്‍ഡനും ചേര്‍ന്ന് മാര്‍ട്ടിന്‍ വാന്‍ബ്യൂറന്റെയും ജാക്സന്റെയും സാമ്പത്തികനയങ്ങളെ എതിര്‍ത്തു. 1840-ല്‍ ക്രിറ്റന്‍ഡന്റെ സഹായത്തോടെ വില്യം ഹെന്റി ഹാരിസണ്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്രിറ്റന്‍ഡന്‍ തന്റെ സെനറ്റ് അംഗത്വം രാജിവച്ചു. താമസിയാതെ യു.എസ്. അറ്റോര്‍ണി ജനറലായി നിയമിതനായി. എങ്കിലും 1841-ല്‍ ഹാരിസനെത്തുടര്‍ന്നു പ്രസിഡന്റായ ജോണ്‍ ടൈലറിന്റെ ബാങ്കുനയത്തില്‍ പ്രതിഷേധിച്ച് തത്സ്ഥാനം രാജിവച്ചു. ഒരു യഥാര്‍ഥ 'വിഗ്' എന്നനിലയില്‍ ക്രിറ്റന്‍ഡര്‍ ടെക്സാസിന്റെ സംയോജനം, ബ്രിട്ടനോടുള്ള യു.എസ്സിന്റെ അക്രമപരമായ പെരുമാറ്റം എന്നിവയെ എതിര്‍ക്കുകയും മെക്സിക്കന്‍ യുദ്ധത്തെ ആശയപരമായി മാത്രം സഹായിക്കുകയും ചെയ്തു.

1848-ല്‍ കെന്റക്കിയിലെ ഗവര്‍ണറായി (1848-50) നിയമിക്കപ്പെട്ട ക്രിറ്റന്‍ഡന്‍ എബ്രഹാം ലിങ്കന്റെ അധികാരക്കയറ്റത്തിനു ശേഷം 1860 ഡിസംബറില്‍ പ്രസിദ്ധമായ 'ക്രിറ്റന്‍ഡന്‍ അനുരഞ്ജനം' കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. എന്നാല്‍ ലിങ്കണും കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്‍ നേതൃത്വവും ചേര്‍ന്ന് ഈ ശ്രമത്തെ എതിര്‍ത്തുപരാജയപ്പെടുത്തി. 1861 മേയ് 27-ന് നടന്ന ഫ്രാങ്ക്ഫര്‍ട്ട് കണ്‍വെന്‍ഷന്റെ അധ്യക്ഷന്‍ ക്രിറ്റന്‍ഡന്‍ ആയിരുന്നു. വീണ്ടും യു.എസ്. ജനപ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ലിങ്കന്റെ അടിമത്ത വിമോചനത്തെയും കെന്റക്കിയിലെ മിലിറ്ററി ഭരണത്തെയും ശക്തിയായി എതിര്‍ത്തു. ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരവേ, 1863 ജൂല. 26-ന് കെന്റക്കിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇദ്ദേഹം അന്തരിച്ചു.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍